District News
പാലാ: ബൈപാസിനെയും പാലാ- ഉഴവൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ആശാനിലയം റോഡ് തകര്‍ന്നത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. നഗരസഭയിലെ 26-ാം വാര്‍ഡില്‍ നഗരത്തിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഈ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനയാത്ര ദുഷ്കരമായി.
ഇരുചക്ര വാഹന യാത്രികരും വിദ്യാര്‍ഥികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ റോഡിന്റെ അവസ്ഥ മനസിലാക്കാന്‍ കഴിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായിരിക്കുകയാണ്.
നിരവധിത്തവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അറ്റകുറ്റപ്പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ആശാനിലയം റോഡ് അടിയന്തരമായി നവീകരിച്ച് യാത്രാസുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ റോയി ഫ്രാന്‍സീസ് പറഞ്ഞു.
District News
തിരുവല്ല : കാരയ്ക്കൽ- മേപ്രാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി. യാത്രക്കാർക്ക് അപകടകരമാം വിധം ചെളിക്കുണ്ടുകളും കുഴികളും നിറഞ്ഞ റോഡിൽ സ്കൂൾ കുട്ടികളടക്കം ദിവസം നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് ചെളിക്കുഴികളായി മാറിയിട്ടുണ്ട്.
ഇരുചക്രവാഹന യാത്രികർക്ക് രാത്രി കാലങ്ങളിലുള്ള യാത്ര അതീവ ദുഷ്കരവും അപകടവുമായിരിക്കുകയാണ്.പെരിങ്ങര പത്താം വാർഡ് സ്വദേശി ഗോകുൽ കഴിഞ്ഞയാഴ്ച എസ്എൻഡിപിക്ക് മുന്നിലെ ചെളിക്കുഴിൽ വീണ് സാരമായി പരിക്കേറ്റു. സ്കൂട്ടറുകളിൽ എത്തുന്ന സ്ത്രീകളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുകയും കാൽ നടയാത്രക്കാർക്ക് പോലും ഭീഷണിയാവുന്ന തരത്തിലാണ് റോഡിന്റെ അവസ്ഥ.
റോഡിന്റെ തകർച്ച കാരണം ഓട്ടോ,ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നു.
ജലഅഥോറിറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിൽ നടത്തിയ അറ്റകുറ്റപ്പണികളും റോഡിന്റെ തകർച്ചയ്ക്ക് കാരണമായതായി പ്രദേശവാസികൾ പറയുന്നു. പെരിങ്ങര കോസ്മോസ് ജംഗ്ഷൻ മുതൽ ഉണ്ടപ്ലാവ് ജംഗ്ഷൻ വരെയുള്ള റോഡുകളും തകർന്നു കിടക്കുകയാണ്.പെരിങ്ങര പാലം മുതൽ ചാത്തങ്കേരി കൊച്ചാരിമുക്ക് ജംഗ്ഷൻ വരെയുള്ള സ്ഥലം അടുത്തിടെ നവീകരണം പൂർത്തീകരിച്ചിരുന്നു.
District News
അടൂർ: ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തെ റോഡ് തകർന്നു. റോഡിന്റെ ദുരവസ്ഥ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. റോഡിൽ വിരിച്ച പൂട്ടുകട്ടകൾ ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.
റോഡിന്റെ ഒരു വശത്തെ പൂട്ടുകട്ടകൾ പൂർണമായും ഇളകിപ്പോയ നിലയിലാണ്. പൂട്ടുകട്ടകൾക്കിടയിലെ വിടവുകളിൽ ടയറുകൾ കുടുങ്ങുന്നതും കുഴികൾ വെട്ടിക്കുന്നതിനിടെ വാഹനങ്ങൾ വശങ്ങളിലേക്ക് തെന്നിമാറുന്നതും നിത്യസംഭവമാണ്. ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷകളുമാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും നിരവധി യാത്രക്കാർക്ക് കുഴിയിൽ വീണു പരിക്കേറ്റിരുന്നു.
കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി, പാൽ, പൂക്കൾ എന്നിവയുമായി വരുന്ന ലോറികളും തൂത്തുക്കുടി തുറമുഖത്ത് നിന്ന് സിമന്റുമായി എത്തുന്ന ഭാരവാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
കെഎസ്ആർടിസി, തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾക്കും സ്വകാര്യ ബസുകൾക്കും പുറമേ എംസി റോഡിലേക്കും ദേശീയപാതയിലേക്കും പോകേണ്ട നൂറുകണക്കിനു വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നു. തിരക്കുള്ള ഈ ഭാഗത്തെ കുഴികൾ വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച റോഡാണിത്. എന്നാൽ നിർമാണത്തിലെ പാകപ്പിഴകളും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുമാണ് റോഡ് വളരെവേഗം തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കെതിരേ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണുള്ളത്.
അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പൂട്ടുകട്ടകൾ പുനഃസ്ഥാപിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തേർത്തല്ലി: മലയോര മേഖലയിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തേർത്തല്ലി-മൗവ്വത്താനി റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി. ആലക്കോട് - ചെറുപുഴ മലയോര ഹൈവേയും ചപ്പാരപ്പടവ് - പാടിച്ചാൽ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഈ റോഡിനെ എല്ലാകാലത്തും അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. സമീപ പ്രദേശത്തുള്ള റോഡുകൾ എല്ലാം വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചുവെങ്കിലും തേർത്തല്ലി-മൗവത്താനി റോഡ് നവീകരിക്കാൻ നടപടികൾ ഉണ്ടായിട്ടില്ല.
ബസുകൾ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങളും നൂറുകണക്കിന് ചെറു വാഹനങ്ങളും കടന്നു പോകുന്ന പാത കൂടിയാണിത്.
റോഡിലെ പലയിടങ്ങളിലും എതിരെ വരുന്ന രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് പലയിടത്തും ടാറിംഗ് അടർന്നു പോയതിനൊപ്പം റോഡരികുകളിൽ വലിയ ചാലുകളും കുഴികളും രൂപപ്പെട്ടിട്ടുമുണ്ട്. തേർത്തല്ലി അപ്പോളോ പബ്ലിക് ലൈബ്രറി മുതൽ മണലിൽ ഇറക്കം വരെയുള്ള ഭാഗത്ത് കാൽനട യാത്രപോലും ദുഷ്കരമാണ്.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ എട്ട്, പത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മണ്ണൂപ്പൊയില്‍-കൊല്ലംകുന്നേല്താഴെ റോഡിന്റെ ടാറിംഗ് തകര്‍ന്നു. യാത്രക്കാര്‍ ദുരിതത്തില്‍. ജല്‍ ജീവന് മിഷന് പദ്ധതിയുടെ ജലവിതരണ പൈപ്പുകള്‍ കുഴിച്ചുമൂടിയെങ്കിലും റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്.
ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് കാല്‍നട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്നത്. ടാക്സി വാഹനങ്ങള്‍ ഇതുവഴി സര്‍വീസ് നടത്തുന്നതിന് മടി കാട്ടുന്നതായി നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതും റോഡ് തകരുന്നതിന് കാരണമാകുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.